Tuesday, November 22, 2011

കര്‍മ്മ നിയോഗങ്ങള്‍

ആധിയും വ്യാധിയും;അനുഗ്രഹം -
വിസ്മരിച്ചാകുലതകള്‍ മെനയെ,
ഉരുളില്‍ തുറിച്ചു ചുറ്റുമേയിരുള്‍ നിറക്കുന്നു
സമോന്നത സൃഷ്ടിയാം മാനവന്‍..!

പുലരിയിലെ

പുല്‍നാമ്പില്‍ നിന്നൂര്‍ന്നു വീഴും,
ഹിമകണത്തിന്നുമുണ്ടൊരു ധര്‍മ്മം
ഒരു വേള സൂര്യകിരണത്തെഗര്‍ഭം
ധരിക്കെന്നുവശായി
സ്വയം പ്രശോഭിതയായ്
കാഴ്ച്ചക്കേകുന്നൊരിമ്പം!!

ശലഭജന്മവും ;പിന്നെയോരോ

പുഴുവും പുല്‍കൊടിയും
മഴയേറ്റു ചാഞ്ഞും ചരിഞ്ഞും
നമിക്കുമോരോ ലതാതിയും
ഇത്യാദികളെന്തേ പുഞ്ചിരിക്കും
മാനുജനെന്നോര്‍ത്തു വ്യഥാ-
തപിക്കാതെ സ്വധര്മ്മത്താല്‍
പാരിന്നേകുന്നു -
അവര്‍ണ്ണനീയമാമൊരഴക്.

'ധര്‍മ്മം' കര്‍മ്മത്താല്‍ പുലരുന്ന

നാളുകള'നുഗ്രഹമെന്നോര്‍ത്തു
കഴിയവേയേകുന്നാഹ്ളാദ രേണുക്കള്‍
നിറയട്ടെ പിറവികൊതിക്കും പുലരിക്കും
അതില്‍ കുരുക്കും കുരുന്നുകള്‍ക്കും.!

5 comments:

നീലക്കുറിഞ്ഞി said...

ഓരോ അണുവിനുമുണ്ടോരോ കര്‍മനിയോഗങ്ങള്‍ ..പുല്‍ക്കൊടിക്കും അതിലിരിക്കുന്ന മഞ്ഞു കണത്തിനും മലരുകള്‍ക്കും അതിലിരിക്കുന്ന ശലഭങ്ങള്‍ക്കും ..വീശുന്ന കാറ്റിനും പരക്കുന്ന നിലാവിനും തപിക്കുന്ന സൂര്യനും തിളങ്ങുന്ന താരകത്തിനും ..ഒഴുകുന്ന പുഴക്കും പെയ്യുന്ന മഴക്കും എല്ലാം എല്ലാം ....മനോഹരമായൊരു കവിത..ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മന്ദഹാസം പോലെ...നിക്കി ഇനിയും പിറക്കട്ടെ അര്‍ത്ഥവത്തായ കവിതകള്‍ ..

sunil vettom said...

"ഇനിയുമിതള്‍ വിരിയട്ടെ ....നിന്‍ വിരല്‍ തുമ്പിലൂടക്ഷരത്തിന്‍ കുസുമങ്ങള്‍ ...."

നാമൂസ് said...

കവിത വളരെ നല്ലൊരു ആശയം പറയുന്നുണ്ട്. അത് കൃത്യമായും സംവദിക്കുന്നുമുണ്ട്. പരിസരങ്ങളിലെ കാഴ്ചകളും അനുഭവങ്ങളും തന്നെയാണ് ബിംബങ്ങളാകുന്നത്. അതുകൊണ്ട് തന്നെ ഏറെ ലളിതവും കൂടെയേറെ സാരള്യവുമാണ് .

'ശലഭ ജന്മങ്ങള്‍' ബാക്കിയാക്കി പോകുന്ന ഒരു വലിയ ഉത്തരമുണ്ട്. കാണുന്ന കണ്ണുകളെയെല്ലാം മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടതതിന്റെ കൂടെകൂട്ടുന്നു. അതൊരു പാഠമാണ്. ഹൃസ്വമായ ഒരു സമയത്തിനടക്ക് തന്നെ സ്വീകാര്യമാക്കും വിധം പെരുമാറാന്‍ അവക്ക് സാധിക്കുമ്പോള്‍, ഒരു 'ദീര്‍ഘ'കാലത്തെ ഔദാര്യം അനുഭവിക്കുമ്പോഴും ചിലര്‍ക്കതിനാവാതെ [നമുക്ക്} പോവുന്നു. എന്തുകൊണ്ട്..? ഉത്തരങ്ങള്‍ക്ക് മുമ്പില്‍ അതങ്ങനെ വളഞ്ഞ് കുത്തി നില്‍ക്കുന്നു കാലങ്ങളോളമായി... നിരന്തരം പരിഹസിച്ചു കൊണ്ട്..!

ഓരോന്നിനും അതാതിന്റേതായ ധര്മ്മമുണ്ട്. അത് നിര്‍വ്വഹിക്കപ്പെടുന്ന പക്ഷം മഹത്വരമെന്നു 'ചൊല്ലും കാഴ്ചയും' ലഭ്യം, അതൊരു ഹൃദ്യമാമനുഭവം. സുഖ-ദു:ഖ വിചാരങ്ങളില്‍ ഉഴറുന്ന മനസ്സിന് സ്വസ്ഥം സമാധാനം ഇവരണ്ടുമന്യം. ഏതേതുമതാതിന്റെ കാലത്ത് ആവശ്യമെന്ന് ധരിപ്പൂകില്‍ എല്ലാത്തിലുമാനന്ദം സാധ്യം. അസ്വസ്ഥത രോഗവും ആനന്ദം രോഗ ശമനവുമാണ്. ആനന്ദമെന്നതോ തീര്‍ത്തും ആത്മപരവും. അപ്പോള്‍, ചികിത്സ എവിടെയെന്നു വ്യക്തം. നല്ല ചിന്തക്ക് നല്ല കവിതക്ക് നല്ലയെഴുത്തിനു നല്ല നമസ്കാരം.

ഇലഞ്ഞിപൂക്കള്‍ said...

വളരെ നല്ല ആശയം... ലാളിത്യമാര്‍ന്ന അവതരണം.. ആശംസകള്‍.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വരികള്‍ ,അതിലും നല്ല നന്മയുള്ളൊരു കാഴ്ച്ചപ്പെടലുണ്ട് വാക്കുകളിലെ യുക്തിയില്‍ .ആശംസകളോടെ