Wednesday, October 26, 2011

വഴി ദൂരം

             ഇരുളടഞ്ഞ വീഥിയില്‍ വിദ്ദൂരതയില്‍ തെളിയും ഒരു പ്രാകാശ കണം പോലെ സ്നേഹ ബന്ധങ്ങള്‍ ... എത്ര ആശാവഹമാണത്‌... കൃത്യമായ നിര്‍വചനം നല്കപ്പെടാനകാത്ത പല സ്നേഹ ബന്ധങ്ങളും.. മരണത്തിലേക്ക് സ്വയം നടന്നടുക്കാന്‍ വെമ്പുന്ന അപക്വ മനസ്സിന്നു മേലുള്ള പ്രതീക്ഷ ഒരു കൈ താങ്ങ് പോലെ. തേങ്ങലുകളും , കണ്ണ് നീരും ഒപ്പിയെത്തിയ  നിന്റെ താങ്ങ്..              

                       അടച്ചു പെയ്തൊരു തുലാവര്‍ഷ മഴയില്‍ പറന്നു പൊങ്ങി തളര്‍ന്നു വീഴുമൊരു     ഈയാംമ്പാറ്റ പോല്‍ സുലഭമാം വാക്കുകള്‍ക്കുപരി   എന്നും വിജയിച്ചു നിന്ന നിന്‍ ദീപ്തമാം  വദനവും  ;പ്രവര്‍ത്തിയും പോല്‍ ,നിന്നെ ഓര്‍ക്കാന്‍ യാതൊരു  സമാനതകളും   ചുറ്റുമില്ലാത്തപ്പോള്‍        ......

                  സന്തോഷത്തിനൊപ്പം ;സന്താപത്തിലും നിന്‍  മുഖം കുളിര്‍ കാറ്റ് പോല്‍  മെല്ലെ തഴുകുന്നു  എങ്കില്‍ , നിര്‍വചനങ്ങള്‍ക്കതീതമായി ഒരേ ഒരു സ്നേഹാവസ്ഥ നീ തീര്‍ക്കുവെങ്കില്‍  ..അതെ നീയെന്‍ പ്രിയ സൗഹൃദം എന്നുറക്കെ പറയാന്‍ വെമ്പുന്നു ചിന്തകള്‍ .......                    

                      കൃത്യമായ നിര്‍വചനത്തിന്റെ ചട്ട കൂടില്‍ ഒതുക്കാന്‍ കഴിയാത്ത എന്നിലെന്തോക്കെയോ നല്ല  ചിന്തകള്‍ക്കും മാറ്റങ്ങള്‍ക്കും ,ആത്മാന്വേഷണത്തിന്നും  കാരണമെങ്കില്‍ ഇതിലുപരി ഏത് വിശേഷണമാണ് നിനക്കേകുക   ..

                         ചിന്തകളില്‍ സമാനതകളെ കൊരുത്ത്‌ ദൂരെ ഏതോ ലക്ഷ്യത്തിലേക്ക് നടന്നു മറയുന്ന രണ്ടു കളികൂട്ടുകാരെ പോലെ ;അവിടെ പ്രതീക്ഷകള്‍ മാത്രം; സമാഗതമാകുമെന്നോര്‍ത്തു വിഹ്വലപ്പെടാന്‍ യാതൊരു അനിശ്ചിതത്വവും വരാനില്ലാതൊരു   തുരുത്ത്‌ ; അവിടെ നിസ്വാര്‍ത്ഥത   കിരീട മണിയവേ  വീണുരുളുന്ന  വിഹ്വലതകളോ ; വാക്കുകള്‍ക്കുള്ളില്‍ വേവും കപടതയോ സാധ്യമാകാത്ത ,വജ്ര ശോഭയാര്‍ന്ന ജീവിത വീഥിയിലെക്കൊരു  കൈ താങ്ങ്  .....അതാണെനിക്ക് നീ .....

                 പലവുരു നിര്‍വചനം തേടി അലഞ്ഞ നീയെന്ന  സമസ്യക്ക് മുന്നില്‍ എകാവുന്ന മഹത്തായ ഉത്തരങ്ങളില്‍ ഒന്നത്രേ ഇത് .......

                        മങ്ങി തെളിയും ചിന്തകള്‍ക്ക് ഒരു കൈ തിരി പോല്‍ അത്രേ നിന്‍ സാന്നിദ്ധ്യം... ഒരു മായജാലക്കാരന്റെ കൃത്യമാര്‍ന്ന കരചലന അടവുകള്‍ക്കൊപ്പം വിരിയും വിസ്മയം പോല്‍ , ഇരുളടഞ്ഞ  വാതിലുകള്‍ പ്രകാശത്തെ കൂട്ടാന്‍  തുറക്കുന്ന പോല്‍...  പുലരിയിലെ ആദ്യ കിളി നാദം  പോല്‍ ..........
                                            കാഴ്ച്ചക്കതീതമായ ആഴങ്ങളില്‍ സര്‍വ സന്താപങ്ങളെയും ഏറ്റെടുത്തു കൊള്ളാം എന്ന് മൊഴിയുന്ന പുഴയരികിലെ കുഞ്ഞി കാറ്റ് പോല്‍   മോഹിപ്പിക്കുന്ന മഞ്ഞു താഴ്വാരം പോല്‍ ,ഉയരങ്ങളിലേക്ക്  പറക്കാന്‍ ചിറകുകള്‍ക്കായ്‌    മോഹിപ്പിക്കും വെണ്‍ മേഘകീറ്  പോല്‍ ,ആദ്യ മഴയെ കാത്തിരിക്കുന്ന മണ്ണ് പോല്‍ ...ആദ്യമായ് മൊട്ടിട്ട   തൊടിയിലെ മുല്ല പോല്‍  നിനക്കായുള്ള   വിശേഷണങ്ങള്‍ ഇനിയും പറഞ്ഞു തീര്‍ക്കാനാകാതെ... നൈമിഷികമാം വികാരങ്ങള്‍ക്കുപരിയായ്  പൊള്ളുന്ന അഗ്നിയെ  കെടുത്താന്‍ കഴിയുന്നൊരു  കുളിരരുവി പോലെ .... .....

                 നിന്നെ കുറിച്ചുള്ള ഓരോ ഓര്‍മ്മകളും നിന്‍ കുളിര്‍ സാന്നിദ്ധ്യവും;നീറും വിരഹവും ;  മുള പൊട്ടാന്‍   വിങ്ങി തുടിച്ചു മണ്ണിന്നാഴങ്ങളില്‍ മയങ്ങുന്ന വിത്ത് പോലെ നിര്‍വച്ചനാതീതമായിരിക്കട്ടെ  എന്നും .... !!!നിര്‍വ്വചനങ്ങള്‍ തീര്‍ക്കുന്ന നിസംഗതക്ക്   മേല്‍ അതാണേറ്റവും പ്രിയതരവും ............  

  .

Wednesday, October 19, 2011

മെഹബൂബ്

ഓ  മെഹബൂബെ
നിന്റെ വീട്ടിലെക്കെന്നാണീനി
ഒരു യാത്ര.
നിന്റെ വിളിക്കിനി എന്നാണ്‌
ഉത്തരം നല്‍കാന്‍ കഴിയുക ..

ആ  പുണ്യ മണ്ണില്‍
എന്നാണിനി
ഒന്നു ചവിട്ടാന്‍ കഴിയുക ..
നിന്നൊടുള്ള പ്രെമത്താല്‍
നീറിപ്പിടക്കുന്നു
എന്റെ ഹൃദയം..

എന്റെ കണ്ണീര്‍
വറ്റിപ്പൊകുമൊ
ഹൃദയത്തില്‍ സ്നെഹത്തിന്‍
പരുക്കുകളെറ്റിരിക്കുന്നു
കടലാസും ,മഷിയും
തീര്‍ന്നുപൊയി
നിന്നൊടുള്ള പ്രണയം
ബാക്കിയായി..
അത് പകര്‍ത്തുക
അസാധ്യവും..

നിന്റെഗേഹം
ചുറ്റി നടക്കുവാന്‍
തീര്‍ത്താല്‍ തീരാത്ത
ആശയാണ്‌
പാപക്കറയാല്‍
തമസ്സിനെ വരിചൊരാ
സ്വര്‍ഗീയതയില്‍
മുഖമണക്കുവാന്‍
തുടികൊട്ടു എന്‍ ഹൃദയം

നീ വാഗ്ദത്വം‍ ചെയ്ത
ഇടങ്ങളില്‍നിന്നൊട്‌
അഭയം തെടുവാനായി
അനുവാദമില്ലാതെ
കടക്കുവാന്‍ കഴിയില്ലല്ലൊ

ദാഹത്തിനറുതി വരുത്തുവാന്‍
ആവൊളം പുണ്യ-
സ്നെഹജലമെന്നു കിട്ടും‍
സമാഗമത്തില്‍ നിന്നില്‍ നിന്നു.
കണ്ണെടുക്കാത്തതും പുണ്യം

നീ എത്ര മഹോന്നതന്‍
സ്നേഹത്തിന്റെ  ഭാരം
ഉയര്ത്താന്‍കഴിയുന്ന
    ഭാഗ്യമുള്ളവളാക്കൂ നീയെന്നെ ..
   എന്നെ നിന്‍ വിളിക്കുത്തരം ...   
                     നല്‍കാന്‍ അനുവദിക്കൂ.

Monday, October 17, 2011

“സാർത്ഥകം''

         മൌനത്തിലെവാചാലതയ്ക്കും
        നിശബ്ദതയുടെസംഗീതത്തിനും
        സന്തോഷത്തിലെസന്താപത്തിനും..

        ഏകാന്തത മെനയും
        മാലാഖ കുരുന്നുകള്‍വാഴും
        കൊട്ടാരത്തിനും കടുമ്പാറയിലെ
        നീരുറവക്കുംനിന്‍ മുന്നില്‍
        എനിക്ക്സ്വപ്ന ജീവി പദം നല്‍കവേ ...

        ഒരിക്കല്‍ പോലും
        നീ അറിഞ്ഞിരിക്കാത്ത
        മണ്ണിന്‍ ആഴങ്ങളും..
        അതില്‍ ലയിച്ചആകാശ ഔന്നിത്യവും...

        ചങ്ങല കണ്ണിക്ക്‌ ചുറ്റും
        സ്നേഹം ഉരുക്കിയൊഴിച്ച്ഒരുക്കും
        കരുതലിന്‍ വലയവും.

        സമാധിയില്‍ നിന്നുണര്‍ന്ന ,
        ശലഭം പോല്‍പ്രണയത്തിനു
        മേല്‍ജീവിതം സത്യമെന്നുംഅറിയവേ..
        മയൂര നൃത്തം പോല്‍മനോഹരമം
        ദിനങ്ങള്‍പൊലിഞ്ഞു വീഴുന്നു..
        അടരുവാനാകാത്തഅഴലോടെ ....

        പ്രേമ ഭിക്ഷുകിയുടെപ്രണയംനിറയും
        സ്വർഗ്ഗീയാരാമത്തേക്കാൾ
        ജീവനെയും ജീവിതത്തെയും
        പ്രണയിക്കുന്ന നീഎനിക്കായ്
        ഒഴിച്ചിട്ടഅരവയറിലെ
        അഗ്നിയാണെനിക്കിഷ്ടം
        നിന്റെ ധാർഷ്ട്യത്തിന്മേല്‍
        ചെന്നായ്ക്കള്‍ അകലും
        കവചമാണെനിക്ക്പ്രിയവും ....

Saturday, October 15, 2011

~ഒറ്റിന്റെ വള കിലുക്കം~


ഒറ്റിന്റെ കുടില മണ്ണില്‍
വറ്റിന്റെ നാണയതിന്നുമപ്പുറം
മുഴങ്ങുമൊരു വള കിലുക്കം.

ഇളം വെയില്‍മിന്നുന്ന
തെളി ഹൃദയ വീഥിയില്‍
മരീചികയാം
വിജയമെന്നോര്‍ത്തു
നീ ആര്‍ക്കവേ .,

വിഷ മഴക്കാറായ്
പെയ്തു നീ തോരവേ
അറിക, ജയാരവങ്ങളില്‍
മുഴങ്ങുന്നതോക്കെയും
നാളേക്ക് നീക്കിയൊരു
തനിയാവര്‍ത്തനം .

സ്നേഹ ചാപങ്ങള്‍ക്കൊപ്പം,
സഹനത്തിന്‍ സഖിക്കു മേല്‍
അടിച്ചേല്‍പ്പിച്ചതൊക്കെയും
കപട സ്നേഹമാം
കരിവീട്ടിയായിരുന്നു
ക്ഷീരവും ദധിയും-
ഏതെന്നറിയാതെ
കാപട്യ ലോകത്തില്‍
കദനത്തിനായ്
പലരുമുണ്ടാകവേ
എരിയുന്ന വേനല്‍
അരികിലാണെങ്കിലും
നിന്‍ വള കിലുക്കവും
ഹൃത്തിന്‍ സ്പന്ദനങ്ങളും
ഒറ്റിന്റെ രൂപം.

ഉറങ്ങുന്ന ചിന്തയെ
ഒറ്റക്കാക്കിതാ -
പോകുന്നു മത് സഖീ
ചവര്‍പ്പെന്നുചൊല്ലി നീ
എറിഞ്ഞൊരു
കണികയുംനാളേക്ക്
നീ കൂട്ടുന്ന നാണയ കിലുക്കവും ....

Monday, October 10, 2011

ശുദ്ധി കലശം

അപരിചിതമാം കടവില്‍        
എവിടെ നിന്നോഒരു നിഴല്‍ 
നീറ്റിയ ഉമിത്തീക്ക്   മേല്‍ 
ശാന്തമാം ഒരു ചാറ്റല്‍
മഴ പൊഴിഞ്ഞിരുന്നെങ്കില്‍
സ്വാര്‍ത്ഥമാം സ്നേഹ കണങ്ങള്‍
    ആവാഹിനിയാം   ആഴി തന്‍  
അഗാധതയിലേക്ക് ചേര്‍ത്ത്
ശാന്തി നേടാന്‍ കഴിഞ്ഞെങ്കില്‍
സര്‍വശുദ്ധീ ദായിനി 
അശുദ്ധയല്ലിവള്‍ ...
ശുദ്ധികലശത്തിനായ്   
അശുദ്ധി പേറുന്നവര്‍ ഇനിയും 
പാപ മ്ലേച്ചങ്ങളെ
നിമഞ്ജനം ചെയ്യാതിരിക്കുക 
മലീമസമാക്കാന്‍ വ്യഥാ
ശ്രമിക്കാതിരിക്കുക ...

Sunday, October 9, 2011

സ്വപ്ന തീരത്തിലൂടെ ......വൈവിധ്യങ്ങളാല്‍  ,ഇണക്കി ചേര്‍ത്ത മനോഹര തീരം  യു .എ .ഇ ... സ്വാതന്ത്ര്യത്തിന്റെ  സര്‍വ്വ വാതായനങ്ങളും തുറന്നിട്ട മായാ ലോകം ...അംബര ചുംബികളായ കെട്ടിട സമുച്ചയങ്ങള്‍ ഇനിയും വളരനായ് മത്സരിക്കുന്ന കാഴ്ച ..സന്ദര്‍ശകരെ എങ്ങനെ ഒക്കെ ആനന്ദിപ്പിക്കാം  എന്നാ മാത്സര്യ ബുദ്ധിയോടെ വിഭാവനം ചെയ്ത അലങ്കാര മോടികള്‍..കടലിന്നൊപ്പം, കരയോടും  കിന്നാരമോതുന്ന  ബുര്‍ജുല്‍ അറബും .പേരിലൂടെ ഒരു നൊമ്പരം  നിലനിര്‍ത്തും ബുര്‍ജ്  ഖലീഫയും;  മേയ് വഴക്കമുള്ളൊരു സുന്ദര നര്‍ത്തകിയെ വെല്ലും ജല നൃത്തവും... കണ്ടു മതിവരാതെ ഓരോ കാഴ്ചകളില്‍ നിന്നും കണ്ണിനെ മടക്കി വിളിക്കേണ്ടി വന്ന ദിനങ്ങള്‍ ..
എരി പൊരിയുന്ന വെയിലിലും ഇടക്ക്ക്ക് സ്നേഹത്തോടെ തലോടുന്ന ഒരു ചെറു കാറ്റിനെ മോഹിച്ചു ആ  തെരുവോരങ്ങളില്‍ അലിയാന്‍ കഴിഞ്ഞത്  ശ്വസിക്കാന്‍ പഠിച്ച വൃത്തി കൈമുതലായ പ്രകൃതി ആയിരുന്നു ..കണിശമായ നിയമങ്ങള്‍  വന്‍പിഴയുടെ രൂപത്തില്‍ സഹ ജീവികളെ അനുസരണ പഠിപ്പിക്കുന്ന നാട് ...


തിരക്കേറിയ തെരുവോരങ്ങള്‍ ഒരു വശത്തേക്ക് നാണിച്ചു മാറിനില്‍ക്കും പോലെ ചിന്തിപ്പിക്കുന്ന നയിഫ് സൂകും,മീന ബസാറും..  വിലപേശി തകര്‍ക്കുന്ന കച്ചവട തെരുവുകള്.. തിരയുടെ കുസൃതിക്കൊപ്പം എല്ലാം മറന്നു അല്‍പ്പ നേരം രസിച്ചിരിക്കാന്‍ അനുയോജ്യമായ കടലോരങ്ങള്.. റിയാദിന്റെ നിഷ്ടാപരമായ ജിവിത സാഹചര്യങ്ങളില്‍ നിന്നും  യു  എ ഇ  ദിനങ്ങള്‍ മന്സ്സിന്നെകിയത്;കിളികൂടിന്റെ അമരും ചുവരുകള്‍ക്കുള്ളില്‍ നിന്നും ആകാശ വേഗങ്ങളിലേക്ക് ആവേശത്തോടെ പറന്നുയരുന്ന ഒരു പക്ഷിയുടെ സ്വാതന്ത്ര്യ ബോധമായിരുന്നു ...
ആഥിതേയത്വം അരുളാനും.. സര്‍വ തിരക്കുകളില്‍ നിന്നും അകന്നു ഒപ്പംകൂട്ടി യു എ ഇ എന്നാ സുന്ദരിയുടെ അംഗ ലാവണ്യങ്ങള്‍,ആവോളം ആസ്വദിക്കാന്‍ വളരെയേറെ തുണച്ചത്  സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന കുറച്ചു രക്ത ബന്ധങ്ങള്‍ .കൂടെ അവരുടെ സ്ഥിരോത്സാഹം നിറഞ്ഞ പ്രകൃതവും ..
                                                                                                                                        കാലങ്ങളോളം മുഖം അറിയാതെ സന്തോഷവും സന്താപവും ഒരുപോലെ പങ്കു വെച്ച സൌഹൃദത്തിന്റെ ചൂടും ചൂരും പകര്‍ന്ന ഏതാനും സുഹൃത്ത് ബന്ധങ്ങള്‍ ..സ്നേഹത്തിന്‍ ചൂട് പകര്‍ന്ന  നിമിഷങ്ങള്... മുഖപുസ്തകത്തിലെമനസറിഞ്ഞസുഹൃത്ത് സംഗമം;  ആഥിതേയത്വം   അരുളി സ്നേഹത്തില്‍ വീര്‍പ്പുമുട്ടിച്ച ആമീ  ;കൂട്ടത്തില്‍ ചിരി മുഴക്കി ചിരിക്കുടുക്കയെന്നു പേര് വീണ മിനി ചേച്ചു;  കുസൃതി കൊണ്ട്  കുഞ്ഞുങ്ങളെ   തോല്‍പ്പിച്ച   അംബി  .. ചുരുങ്ങിയ കാലം കൊണ്ട് എത്രത്തോളം ആഴത്തില്‍ സൌഹൃദത്തെ നെഞ്ചില്‍  വളര്‍ത്താം  എന്ന് പഠിപ്പിച്ച സ്നേഹ നിധിയായ ഷബു ;തികച്ചും അവിചാരിതമായി  ഒപ്പം കൂടിയ അരൂസ് ..ഒത്തു കൂടലിന്നു, മേള കൊഴുപ്പ് കൂടാന്‍ മറ്റെന്തു വേണം ....സര്‍വോപരി സ്നേഹ സംഗമതിന്നു  വഴി ഒരുക്കി സര്‍വ പിന്തുണയും തന്ന   നല്ല പാതികള്‍ ;-അവരുടെ മനസ്സായിരുന്നു സര്‍വ  നന്മകള്‍ക്കും മുകളില്‍ ആയിരുന്നത് ....അമ്മ കിളികളുടെ സൌഹൃദതിന്മേല്‍  മേല്‍ സര്‍വതും മറന്നു കളിച്ചു-കൂട്ടുകൂടി മതി വരാതെയാണ് കുരുന്നുകള്‍ പിരിഞ്ഞതും ..സ്വപ്ന തീര യാത്രയുടെ മറക്കാനാകാത്ത നിമിഷങ്ങളായ് ഈ സ്നേഹ സംഗമം മാറി .....                                                                                                                                                   


ഒഴുകും പാലന്നരികിലൂടെ മെല്ലെ ഒഴുകി ഒഴുകി  ഒരു നിശാ യാത്ര ..ഓളം തല്ലുന്ന, കുഞ്ഞലകള്‍ക്കും ;അളകങ്ങള്‍ ഇളക്കുന്ന കുഞ്ഞി കാറ്റിന്‍ കുസൃതിക്കുമോപ്പം അലിഞ്ഞു ഒരു നാഴിക നേരം പ്രിയപ്പെട്ടവരുടെ കൂടെ.. പകല്‍ വെളിച്ചത്തില്‍ കാണുന്നതിനെക്കാള്‍ പതിന്‍ മടങ്ങ്‌ മനോഹരിയായിരുന്നു നിയോണ്‍ ലാമ്പുകളുടെ സുഖദമായ വെളിച്ചത്തില്‍ ഓള പ്പരപ്പുകള്‍ക്ക്  മേല്‍  ദുബായ് എന്നാ മോഹിനി ...                                                                                             


കടല്‍ അമ്മയോട്    കടം വാങ്ങി പണിത ഒരു ചെറു ആഴിയിലെ അഗാധതയില്‍  കൂടിയൊരു യാത്ര  .. ആ നീലിമയില്‍ നിറയെ  സ്വാതന്ത്ര്യം  കൊതിച്ചു  കൂട്ടിലടക്കപ്പെട്ട  കുറെ ജല ജീവികള്‍ കൌതുക കാഴ്ചകളായി ജീവിച്ചു പോകുന്നു ..അതിന്നിടയില്‍ ജീവിതത്തിന്റെ അറ്റങ്ങള്‍ കൂടിചെര്‍ക്കാന്‍ പാടുപെടുന്ന കുറച്ചു  മനുഷ്യ ജന്മങ്ങളും ..കൌതുകം ഉണര്‍ത്തുന്ന കാഴ്ചയെങ്കിലും തളര്‍ന്നു അടിത്തട്ടില്‍ ഇരിക്കുന്ന ഒരു ചുറ്റിക തലയന്‍ മീനിന്റെ കണ്ണിലെ നിസ്സഹായത അനന്ത   വിശാലമായ ആഴിയുടെ അഗാധതയോളം അഴല്‍ നിറഞ്ഞതാണെന്ന്  തോന്നി .                                      കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത നിരവധി ജീവി വര്‍ഗങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഒരല്പ്പ ഭയതിനോപ്പം കൌതുകകാഴ്ചയായി  ..                                                                                                                                                          നാഴികകള്‍  മാത്രം വഴി നീളുന്ന അല്‍ ഐന്‍" ഏകിയ  നനുത്ത കുളിരുള്ള കാറ്റും ;സുഖദമായ കാലാവസ്ഥയും വശ്യ മനോഹരമായ പച്ചപ്പും ;മനസ്സില്‍മുറിവ് ഏകി നില്‍ക്കുന്ന ഗൃഹാതുരതയെ തൊട്ടു ഉണര്‍ത്തി  .....ജബലുല്‍ അഫീത് എന്നാ ഭീമാകാരനായ മല നില ഏറെ ഹൃദയവും ;സാഹസികവും ആയ നിമിഷങ്ങളെ പ്രദാനം ചെയ്തു അതിന്റെ നെറുകയില്‍ നിന്നും താഴേക്കുള്ള കാഴ്ച വശ്യ മനോഹരം തന്നെയായിരുന്നു ..
അതി കഠിനമായ ചൂട്  മണല്‍ ആരണ്യ   യാത്രയെ  പിന്നീടു എപ്പോഴേക്കെങ്കിലും  എന്ന ആശ്വാസത്തില്‍ മാറ്റി വെപ്പിച്ചു ...അലങ്കരിച്ചൊരുക്കിയ വിവധതരം മാളുകള്‍ തന്നെ മുഖ്യ ആകര്‍ഷണം..
ആഴി തന്‍ മാറ്  തുരന്നോ; പിളര്ന്നോ  തീര്‍ത്ത ഷാന്‍ഗായി ടണല്‍ കണ്ട മാത്രയില്‍ ചിന്തകളില്‍ കൂട്ടായത് ആ ആശയം വിരിഞ്ഞ തല ചോറിന്റെ    ഉടമയെ കുറിച്ചായിരുന്നു ...
ഭൂഗര്‍ഭത്തിന്റെ  മരവിപ്പിക്കും  നിഗൂഡതയിലും ; ഗര്‍വ്വു നിറയ്ക്കും ഉയരങ്ങളിലൂടെയും മെട്രോ വഴി ഒരു യാത്ര തികച്ചും ആസ്വാദ്യകരമായിരുന്നു ..നയിക്കാന്‍ തേരാളിയില്ലാത്ത രഥം ആയിരുന്നു അതെന്നറിയാന്‍  ഒട്ടൊന്നു വൈകി എന്നാല്‍ കൃത്യ നിഷ്ഠയോടെ ;ലക്ഷ്യ ബോധത്തോടെ മുന്നോടുള്ള പ്രയാണം ഏറെ ആസ്വാദ്യകരമായിരുന്നു ; .....ജോലിതിരക്കുകളില്‍ നിന്നും  മോചിതരായ്  കൂടണയാന്‍ യാത്ര ചെയ്തിരുന്നവരുടെ ഇടയില്‍ വിനോദത്തിന്റെ മേല്‍ വസ്ത്രം അണിഞ്ഞു  ചുറു ചുറു ക്കോടെ ഉള്ള ഒരു യാത്ര .ഒരു ഫണ്‍  റൈഡ് പോലെ......ഏറെ അത്ഭുതപ്പെടുത്തിയ കാഴ്ച മനുഷ്യ മാംസതിന്നു പരസ്യമായി വിലപേശുന്ന  തെരുവോരങ്ങള്‍  ആയിരുന്നു ഈ കാഴ്ചകള്‍ അല്‍പ്പ നേരത്തേക്കെങ്കിലും  സിരകളില്‍ തണുത്തുറഞ്ഞ മരവിപ്പിനെ പടര്‍ത്തിയത്, ഒട്ടൊരു വേദനയോടെ ആണ് തിരിച്ചറിഞ്ഞത് ....                                                                                                                                                                            അബുദാബിയിലേക്കുള്ള യാത്രയില്‍ പ്രധാനം ഷെയ്ഖ് സായിദ് ഗ്രാന്‍ഡ്‌  മോസ്ക്   ആയിരുന്നു ;പ്രാര്‍ത്ഥനാ നിര്‍ഭരമായ നിമിഷങ്ങളെക്കള്‍..അലങ്കാര മോടികലാല്‍ അലങ്കൃതമായ ഒരു വിനോദ സഞ്ചാര കേന്ദ്രം!! മുറിവേറ്റു വേര്‍പെടാത്ത അമൂല്യങ്ങളായ പരവതാനിയും ;അലങ്കാര ദീപവും .അതി വിശാലമായ നടുത്തളവും ;കൊത്തു പണികളാല്‍ അലങ്കൃതമായ  വിശാല ചുമരും ഒക്കെയായി ....മറീന ബീച് കളിച്ചു തിമിര്‍ത്തു മുതലെടുത്ത്‌ കുട്ടി കൂട്ടങ്ങള്‍ ..കൂടെ മറീന മാളിലെ   വിസ്മയ കാഴ്ചകളും ഷോപ്പിങ്ങും ...                                                                                                                                                           
കീശ കാലിയക്കാനുള്ള കിടിലന്‍ മാളുകളും ..കച്ചവട കേന്ദ്രങ്ങളും ..അതില്‍ ഒട്ടുമിക്കവയും കൌതുക കാഴ്ചയില്‍ നിന്നും വിട്ടു കളയാതെ  ചുറ്റി തിരിഞ്ഞു കണ്ടു തീര്‍ത്തു ..കണ്ട കാഴ്ചകള്‍ക്ക് അപ്പുറവും നിറഞ്ഞ    കാണാ കാഴ്ചകള്‍...കണ്ടു മുഴുപ്പിക്കാത്ത കാഴ്ചകള്‍ക്കായി ഇനിയും ആ സ്വപ്ന ഭൂമിയിലേക്ക്‌;പൂരങ്ങളുടെ നാളുകളില്‍ വരണം എന്ന വാഗ്ദത്വത്തോടെ ഒരുമിച്ചു കഴിഞ്ഞ കുറെ നല്ല  നാളുകളിലെ ഓര്‍മ്മകള്‍ ബാക്കിയാക്കി പ്രിയപ്പെട്ടവര്‍   യാത്രാ   മൊഴി  ഏകി.. തിരികെ എന്നെങ്കിലും വരാമെന്ന വാഗ്ദത്വത്തോടെ ഞങ്ങളും ....!!

Friday, October 7, 2011

പാഥേയംവിടരും തോറും കൊഴിയാന്‍
വെമ്പുന്ന പൂവിതള്‍ പോലെ
അടുത്തറിയും തോറും
അടര്‍ന്നു മാറുന്നു
ആയുസിന്‍ ദളങ്ങള്‍..
അറിവിലേക്കെന്ന പോലെ
നീളും ഗോവണി പടികള്‍
ഇന്നും ആദ്യ പടിയരികില്‍
പകച്ചു നില്‍ക്കും
പിഞ്ചു പൈതല്‍ പോല്‍
വീണും,നീങ്ങിയും.നിരങ്ങിയും
ഇടറും പാദത്തോടെ
ഈ മണ്ണില്‍ ...............