Saturday, January 7, 2012

ചിതറിയ പൊട്ടുകള്‍

പുഞ്ചിരിയിലോളിപ്പിച്ച വഞ്ചനയാണ്
വഞ്ചിക്കും ഹൃദയങ്ങളിലെ
ക്രൂരതയെക്കാള്‍ ഭയാനകം !!!!!!!!
-------------------------------------------
കാലമെത്ര ഒഴുകിയാലും,
കുടിയിരുത്തല്‍ സ്വപ്ന പ്രതീക്ഷകളായും,
അധിനിവേശം വെറുപ്പിന്‍ കണങ്ങളായും,
അനസ്യൂതം ഒഴുകികൊണ്ടേ ഇരിക്കുന്നു ..!!!
----------------------------------------------
വിചാരങ്ങള്‍ വികാരങ്ങള്‍ക്ക് മേല്‍
വിജയമറിയും നാള്‍ വരെയും
വിവേകം ഊന്നു വടിയായ്
വാഴ്ന്നു തുണയാകുവോളവും ..
വിഷണ്ണതയകന്ന ബോധ മണ്ഡലത്തില്‍
വസിക്കുവാന്‍ നിസ്വാര്‍ത്ഥത കൂട്ടാകും കാലവും
വിധിക്ക് കെട്ടിടാനാകാത്ത പവിത്രത
വര്‍ണ്ണനക്ക് മേല്‍ വര്‍ണ്ണം വിതറുവോളം
വാക്കുകള്‍ അന്തസത്തയില്‍ നിന്നൂര്‍ന്നു
വിഹ്വലമാം കാലത്തിനൊപ്പം ചരിക്കുവോളവും
വാക്കിലും നോക്കിലും കാത്തിരിപ്പിന്റെ നൊമ്പരം
വിടര്‍ന്നു നില്‍ക്കട്ടെ ..............
----------------------------------------------
വിരഹം നീറ്റുന്ന കണ്ണിണയും ഹൃദയങ്ങളും ,
യാത്ര മൊഴിക്കായ്‌ പരതി തളര്‍ന്ന ഹൃദയ ഭാഷ്യവും ,

മൌനം വാചാലമാക്കുന്ന ലിപിയില്ലാ വികാരങ്ങളും .....
.--------------------------------------------------

മനസ്സിന്റെ നന്മയാല്‍
അളന്നു തൂക്കുന്ന തമസ്സ്
അളവിന്റെ സൂചികാഗ്രത്തെയും
വിഴുങ്ങും മുന്‍പ്
ഒരു നിലാവിന്റെ കീറെങ്കിലും
വഴി കാഴ്ച്ചക്കായ്‌ കരുതുക ..!!!!!!!!!!!!!!!!
----------------------------------------------------

മിന്നി തിളങ്ങുമ്പോള്‍
തന്നെ യാദൃശ്ചികതയില്‍
പൊട്ടി തകരാവുന്ന
മുത്ത്‌ മാല പോലീ ജീവിതം..
വടുക്കള്‍ നിറഞ്ഞ പരുക്കന്‍ മുഖവുമായി

ചിരിച്ചു കൊണ്ടേ ഇരിക്കുന്നു...
----------------------------------------------
വേദനകള്‍ പകുക്കുക അതില്‍ -
പലര്‍ തീര്‍ക്കും ആനന്ദമറിഞ്ഞു
നോവുകള്‍ ഇരട്ടിയായ് കിട്ടുവാന്‍
സന്തോഷം പകുക്കുക
അതിന്‍ സന്താപം ചികയുന്ന
കാകരെ അറിയുവാന്‍.....

സ്വകാര്യത്തില്‍ ഒരു വാക്കൊരു
വിശ്വാസത്തില്‍ പകുക്കുക,
അതിന്‍ മേല്‍ ഉഴറും-
എണ്ണമറ്റ അന്വേഷണ
കുതുകികളെ അറിയുവാന്‍ ....
പകുക്കും സന്താപമലിയുന്ന കാലവും

പകുക്കും സന്തോഷമിരട്ടിക്കുന്ന കാലവും
കലിയുഗ കാല ചക്രം വിഴുങ്ങിയത്രേ
..................................
കനല്‍ പോല്‍ കത്തുന്ന സത്യമാം നേര്‍കാഴ്ച
കനകത്തെയും ഉരുക്കിയോരുക്കുന്നു ജീവിത മൂശയില്‍ ...
വേവും ചൂടിലും തപിക്കാതെ ശുദ്ധി കൈവന്നീടുവാന്‍

കനിവേകണേ സര്‍വാധിപതിയാം കലാകാരനെ നീ .............
===============================

5 comments:

നാമൂസ് said...

അടര്‍ന്ന മുത്തുകള്‍ എന്ന് തിരുത്തി വായിക്കുന്നു .
കോര്‍ക്കുന്നു ഞാനിവയെ. ഹാരമാക്കുന്നു ഹൃത്തിന്.

നീലക്കുറിഞ്ഞി said...

ചിന്നി ചിതറിയ വളപൊട്ടുകളല്ല ;തിളങ്ങുന്ന തിരിച്ചറിവിന്റെ മുത്തുകള്‍ ഒന്നിനോടൊന്നു മനോഹരമായ് കോര്‍ത്തിണക്കിയ ഒരു ജ്ഞാനഹാരമാണിത്..ഇനിയും ഒരു പാടൊരുപാട് തിരിച്ചറിവുകളിലേക്ക് ആ വിരല്‍ തുമ്പുകള്‍ പദങ്ങളെ കോര്‍ത്തിണക്കട്ടെ....

ഇലഞ്ഞിപൂക്കള്‍ said...

വളരെ നന്നായെഴുതി.. ഹൃദയത്തില്‍ ചേര്‍ത്ത് വെയ്ക്കാന്‍ അഴകേറിയ ഏതാനും വളപ്പൊട്ടുകള്‍...

Anonymous said...

കാലിക കലികാലത്തിന്‍ കരാളഹൃത്തിലേക്ക് കവിയുടെ നേര്‍കാഴ്ച..

അലിവളാഞ്ചേരി.. said...

ഇഷ്ട്ടായി ..മനസ്സിന്റെ ആഴങ്ങളില്‍ നിന്നും ഉത്ഭവിച്ച ഗഹനാര്‍ത്ഥമുള്ള വരികള്‍ ..